തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ രംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തികൾ, സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെ ആദരിക്കുന്നതിനായി സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയിട്ടുള്ള 2026 ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
പരിസ്ഥിതി സംരക്ഷക പുരസ്കാരം-പി. എം. ജീജ ഭായ്, പരിസ്ഥിതി ഗവേഷക പുരസ്കാരം-ഡോ.പി.ജെ. സർലിൻ, പ്രഫസർ & ഹെഡ്, പി.ജി. & റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി, ഫാത്തിമമാതാ നാഷണൽ കോളജ്, കൊല്ലം, പരിസ്ഥിതി അച്ചടി മാധ്യമ പ്രവർത്തക പുരസ്കാരം-ആർ. സാംബൻ, ബ്യൂറോ ചീഫ്, ജനയുഗം ഇടുക്കി ജില്ലാ ബ്യൂറോ, തൊടുപുഴ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ലോക പരിസ്ഥിതിദിനമായ നാളെ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല പരിസ്ഥിതി ദിനാചരണ ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ സമർപ്പിക്കും.
സംസ്ഥാനത്തെ പരിസ്ഥിതി സംരക്ഷണരംഗത്തു വിജ്ഞാനവ്യാപനം ഉൾപ്പെടെയുള്ള നൂതനവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ, കാർഷിക കോളജ്, വെള്ളായണി, മികച്ച പരിസ്ഥിതി സംരക്ഷണസ്ഥാപനമായും തൃശൂർ മുനിസിപ്പൽ കോർപറേഷനെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പുരസ്കാരത്തിനായും തെരഞ്ഞെടുത്തു.